ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ റഡാറുകൾ പ്രവർത്തനമാരംഭിച്ചതായി ഷാർജ പോലീസ്

UAE

റോഡിലെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു. നവംബർ 1 മുതൽ ഇവ പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഈ സ്മാർട്ട് റഡാർ സംവിധാനങ്ങൾ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സജ്ജമാണെന്ന് ഷാർജ പൊലീസിലെ ട്രാഫിക്ക് ആൻഡ് പെട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്റ്റനെന്റ് കേണൽ മുഹമ്മദ് അലെ അൽ നഖ്‌ബി വ്യക്തമാക്കി. ഇവ വാഹനങ്ങളുടെ വേഗതയിലെ ലംഘനങ്ങൾ, അപകടങ്ങൾക്കിടയാക്കുന്ന രീതിയിൽ മറ്റു വാഹനങ്ങളിൽ നിന്ന് മതിയായ ദൂരം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്ന രീതികൾ മുതലായവ തുടർച്ചയായി നിരീക്ഷിച്ച് കണ്ടെത്തുന്നതാണ്.

വാരാന്ത്യത്തിലാണ് ഇവ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയതെന്നും, ഞായറാഴ്ച്ച മുതൽ ഈ റഡാറുകൾ പ്രവർത്തനമാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്‌സ്, ഖോർഫക്കാൻ എന്നിവയ്ക്കിടയിലെ റോഡിലാണ് ഈ പുതിയ റഡാറുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

ഒരേസമയം രണ്ട് വശങ്ങളിൽ നിന്നുള്ള ട്രാഫിക് ലംഘനങ്ങൾ ഇവയ്ക്ക് കണ്ടെത്താനാകുമെന്നും, റോഡിലെ എല്ലാ വരികളും ഒരേ സമയം നിരീക്ഷിക്കാൻ ഇവ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവ എല്ലാ ദിനങ്ങളിലും, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ റോഡിൽ അനുവാദമില്ലാത്ത വലിയ ചരക്ക് വാഹനങ്ങൾ കണ്ടെത്തുന്നതിനും ഇവ അധികൃതരെ സഹായിക്കുന്നതാണ്.