സൗദി: ജി സി സി രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളായെത്തുന്നവർക്ക് ഉംറ പെർമിറ്റ് നേടാൻ അനുമതി

featured GCC News

വിനോദസഞ്ചാരത്തിനായി സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിലെത്തുന്ന ജി സി സി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഉംറ പെർമിറ്റുകൾ നേടുന്നതിന് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇവർക്ക് Eatmarna ആപ്പിലൂടെയാണ് ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിന് അനുമതിയുള്ളത്. ഇത്തരം സന്ദർശകർക്ക് മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനുള്ള പെർമിറ്റിനും അപേക്ഷിക്കാവുന്നതാണ്.

ഇതോടെ ഫാമിലി വിസിറ്റ് വിസ, വ്യക്തിഗത വിസിറ്റ് വിസ, ഇ-ടൂറിസ്റ്റ് വിസ, ഓൺ-അറൈവൽ വിസ, ഷെങ്കൻ വിസകളുള്ളവർക്ക് ലഭിക്കുന്ന ടൂറിസ്റ്റ് വിസ, യു എസ്, യു കെ വിസകളിലുള്ളവർ, സാധുതയുള്ള ഉംറ വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഉംറ അനുഷ്ഠിക്കാവുന്നതാണ്.

രാജ്യത്തേക്ക് സന്ദർശക വിസകളിൽ വിനോദസഞ്ചാരത്തിനായെത്തുന്ന വ്യക്തികൾ നിർബന്ധമായും പാലിക്കേണ്ടതായ നിബന്ധനകൾ സംബന്ധിച്ച് സൗദി ടൂറിസ്റ്റ് മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇ-ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കുന്ന വിദേശികൾക്ക് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള, ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള, റെസിഡൻസി വിസകൾ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.