സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 17-നാണ് ഹജ്ജ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ താമസിക്കുന്നവരും, ഇതിന് മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി റമദാൻ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. അഞ്ച് കൊല്ലത്തിന് മുൻപ് ഹജ്ജ് അനുഷ്ടിച്ചവരായ ആഭ്യന്തര തീർത്ഥാടകർക്ക് റമദാൻ 10-ന് ശേഷം (പരമാവധി രജിസ്ട്രേഷൻ അവസാനിക്കുന്നത് വരെ) രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്.
ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ 2023 ജനുവരി മുതൽ ആരംഭിച്ചിരുന്നു.