രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി നിലവിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 6-ന് രാത്രി പുറത്തിറക്കിയ ഒരു അറിയിപ്പിലൂടെയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
“വാക്സിൻ ലഭിക്കുന്നതിനായി ഇപ്പോൾ ഹെൽത്ത് കാർഡ് ഹാജരാക്കേണ്ടതില്ല. സാധുതയുള്ള QID, ‘Ehteraz’ ആപ്പിൽ ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസ് എന്നിവ ഉള്ളവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. വാക്സിൻ സ്വീകരിക്കാനെത്തുന്ന സമയം നിങ്ങളുടെ ‘Ehteraz’ ആപ്പിലെ ഹെൽത്ത് സ്റ്റാറ്റസ് ഗ്രീൻ ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഹെൽത്ത് കാർഡ് നിർബന്ധമല്ലെങ്കിലും, ഇവ ലഭിക്കുന്നതിനായി റജിസ്റ്റർ ചെയ്യാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ മേഖലയിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് കാർഡുകൾ സഹായകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.