രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്ക് കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 ജൂൺ 15-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പ്രായമായവർക്കെതിരെയുള്ള അധിക്ഷേപം, അവഗണന, തെറ്റായ പെരുമാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജൂൺ 15-ന് ആചരിക്കുന്ന ‘വേൾഡ് എൽഡർ അബ്യൂസ് അവേർനസ് ഡേ’-യുടെ ഭാഗമായാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ഇതിനെ ഹനിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നതിനായുള്ള ഒരു വർക്ക്ഷോപ്പ് ഈ ദിനത്തിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷൻ സംഘടിപ്പിച്ചിരുന്നു.
പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് രൂപം നൽകിയിട്ടുള്ള പുതിയ നിയമങ്ങൾ പ്രകാരം പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്ന വ്യക്തികൾക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രായമായ വ്യക്തികൾക്ക് സംരക്ഷണവും, പ്രത്യേക പരിഗണനയും നൽകുന്നതിൽ സൗദി അറേബ്യ എന്നും മുന്നിൽ നിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഈ നിയമത്തിലെ മൂന്നാം ആർട്ടിക്കിൾ പ്രകാരം, രാജ്യത്തെ പ്രായമായ വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പ് വരുത്തുന്നതായും, ഇവരുടെ സംരക്ഷണം കുടുംബത്തിന്റെ ചുമതലയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ നിയമത്തിലെ പതിനഞ്ചാം ആർട്ടിക്കിൾ പ്രകാരം, പ്രായമായവരുടെ സ്വത്ത്, പണം എന്നിവ അവരുടെ സമ്മതം കൂടാതെ ക്രയവിക്രയം ചെയ്യുന്നതിനോ, വിതരണം ചെയ്യുന്നതിനോ കുടുംബനാഥന് അവകാശമില്ലെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. പ്രായമായവരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള വ്യക്തി അത് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറുപത് വയസിന് മുകളിൽ പ്രായമുള്ള സൗദി പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമത്തിന് 2022 ജൂൺ മാസത്തിന്റെ തുടക്കത്തിൽ സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.
Cover Photo: From the General/ Public Prosecution workshop entitled: “Criminal Protection of the Rights of the Elderly” – Saudi Public Prosecution official account on Twitter (@bip_ksa).