എക്സ്പോ 2020 ദുബായ്: ഉദ്‌ഘാടനത്തിന് മുന്നോടിയായി H.H. മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു

featured GCC News

ലോക എക്സ്പോ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ എക്സ്പോ 2020 വേദിയിലെ ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചു.

191 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ പ്രദർശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായ് ഒരുങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ആദ്യമായാണ് ലോക എക്സ്പോ നടക്കുന്നത്. സെപ്റ്റംബർ 26-നാണ് ദുബായ് ഭരണാധികാരി എക്സ്പോ ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചത്.

എക്സ്പോ 2020 ദുബായ് ഉന്നത കമ്മിറ്റി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ഈ സന്ദർശനത്തിന്റെ ഭാഗമായി ദുബായ് ഭരണാധികാരിയെ അനുഗമിച്ചു. എക്സ്പോ 2020 ദുബായ് പ്രദർശനത്തിന്റെ പ്രവർത്തനങ്ങൾ, സുരക്ഷ, ഭദ്രത എന്നിവയുടെ ചുമതലയുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ 134 യൂണിറ്റുകളുടെ അടിസ്ഥാനമായ എക്സ്പോ ഓപ്പറേഷൻ സെന്‍റർ പിന്തുടരുന്ന പ്രക്രിയകൾ ഷെയ്ഖ് മുഹമ്മദ് അവലോകനം ചെയ്തു.

ഓപ്പറേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന ഏകോപന സംവിധാനങ്ങളെക്കുറിച്ച് ഷെയ്ഖ് മുഹമ്മദിന് മുന്നിൽ അധികൃതർ വിശദീകരിച്ചു. “ലോക എക്സ്പോ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും, വിശിഷ്‌ടവുമായ ഒരു അനുഭവമായിരിക്കും എക്സ്പോ 2020 ദുബായ് എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നതാണ്. ഈ കാഴ്ചപ്പാടിനെ സമഗ്രമായ ഒരു പദ്ധതിയാക്കി മാറ്റാൻ യു എ ഇ പൗരന്മാർക്ക് സാധിച്ചിരിക്കുന്നു. മികവിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധത, ലോകത്തിന്റെ ഭാവി രൂപീകരിക്കുന്നതിൽ ഞങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന സന്ദേശം ഇതിലൂടെ ലോകത്തിന് ഞങ്ങൾ കൈമാറുന്നു.”, ഏറ്റവും മികച്ച ലോക എക്സ്പോ അനുഭവം ഉറപ്പാക്കുന്നതിൽ എക്സ്പോ 2020 ദുബായ് പ്രവർത്തകർ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സ്പോ ഓപ്പറേഷൻ സെന്‍ററിൽ 134 യൂണിറ്റുകളിലായി 95 രാജ്യങ്ങളിൽ നിന്നുള്ളവർ പ്രവർത്തിക്കുന്നു. ഈ പ്രദർശനം ഏറ്റവും മികച്ചതാക്കുന്നതിനായുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി എക്സ്പോ ഓപ്പറേഷൻ സെന്‍ററിൽ പ്രാദേശിക, ഫെഡറൽ, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്നു.

എക്സ്പോ 2020-യുമായി ബന്ധപ്പെട്ടുള്ള ദുബായ് പോലീസിന്റെ തയ്യാറെടുപ്പുകളും അദ്ദേഹം അവലോകനം ചെയ്തു. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി, അടിയന്തിര സാഹചര്യങ്ങളിൽ ഏത് നിമിഷവും പ്രതികരിക്കാൻ പ്രാപ്തമാക്കുന്ന AI അടിസ്ഥാനമാക്കിയുള്ള സംവിധാനമായ ദുബായ് പോലീസിന്റെ ASRI ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതികവിദ്യകൾ എക്സ്പോ വേദിയിൽ നടപ്പിലാക്കിയിട്ടുണ്ട്.

എക്സ്പോ 2020 വേദിയിൽ ദുബായ് ഹെൽത്ത് അതോറിറ്റി (DHA), ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (DCAS) തുടങ്ങിയ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ള തയ്യാറെടുപ്പുകളും അദ്ദേഹം അവലോകനം ചെയ്തു. എക്സ്പോ സന്ദർശകർക്ക് PCR ടെസ്റ്റുകൾ ഉൾപ്പടെയുള്ള സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി DHA-യുടെ എക്സ്പോ 2020 എമർജൻസി സെന്റർ തയ്യാറായിക്കഴിഞ്ഞു. സന്ദർശകർക്ക് PCR പരിശോധനാ സൗകര്യങ്ങൾ നൽകുന്നതിനായി അഞ്ച് വരികളുള്ള ഒരു ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് സംവിധാനവും, പ്രതിദിനം 10000 ടെസ്റ്റ് നടത്തുന്നതിന് ശേഷിയുള്ള ഒരു PCR സ്ക്രീനിംഗ് സെന്ററും DHA സജ്ജീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകുന്നതാണ്.

സന്ദർശകർക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നടപ്പിലാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശകലനം ചെയ്തു. പ്രതിദിനം അര ദശലക്ഷം റൈഡർമാർക്ക് സേവനം നൽകുന്ന ദുബായ് മെട്രോ റൂട്ട് 2020-ന്റെ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു. എക്സ്പോ സന്ദർശകർക്കായി RTA ഒമ്പത് സ്റ്റേഷനുകളിൽ നിന്നായി 126 സൗജന്യ ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ സന്ദർശകർക്ക് ഹോട്ടലുകളിൽ നിന്ന് എക്സ്പോ വേദിയിലേക്കുള്ള യാത്രകൾക്കായി ഷട്ടിൽ ബസുകളും, മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രകൾക്കായുള്ള പ്രത്യേക ബസുകളും RTA ഒരുക്കിയിട്ടുണ്ട്.

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി RTA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

WAM