വിമാനയാത്രികരോട് യാത്രയിലുടനീളം മാസ്കുകൾ ഉപയോഗിക്കാൻ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നിർദ്ദേശം നൽകി. മുഴുവൻ യാത്രികരുടെയും, വിമാന ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, COVID-19 രോഗവ്യാപനം തടയുന്നതിനുമായാണ് IATA ഈ നിർദ്ദേശം നൽകിയത്.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ പ്രകാരം, COVID-19 പ്രതിരോധത്തിന്റെ ഒരു പ്രധാന നിർദ്ദേശമാണ് മാസ്കുകളുടെ ഉപയോഗം എന്നും, ലോകാരോഗ്യ സംഘടനയുമായും, ആഗോളതലത്തിലെ വിവിധ സർക്കാരുകളുമായും സംയുക്തമായി കൈക്കൊണ്ടതാണ് ഈ നിർദ്ദേശമെന്നും IATA അറിയിച്ചു. ഈ നിർദ്ദേശം കർശനമായി പാലിക്കേണ്ട ഉത്തരവാദിത്വം യാത്രികർക്കുണ്ടെന്നും IATA കൂട്ടിച്ചേർത്തു.
“മാസ്കുകൾ ഉപയോഗിക്കുക എന്നത് യാത്രാ വേളകളിൽ ഉത്തരവാദിത്വവും, സാമാന്യബോധവും പ്രകടമാക്കുന്നതിനുള്ള ആഹ്വാനമാണ്. ബഹുഭൂരിപക്ഷം യാത്രികരും മാസ്കുകളുടെ ഉപയോഗത്തിന്റെ സുരക്ഷാ വശങ്ങളെ കുറിച്ച് പൂർണ്ണമായും ബോധവാന്മാരാണ്. ഇവർ മുഴുവൻ യാത്രികരുടെയും സുരക്ഷയ്ക്കായി വീഴ്ച്ചകൾ കൂടാതെ ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നത് പ്രശംസനീയമാണ്. പക്ഷെ ഒരു ചെറിയ വിഭാഗം യാത്രികർ മാസ്കുകളുടെ ഉപയോഗത്തെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിർഭാഗ്യകരമാണ്. വ്യോമയാന മേഖലയിൽ സുരക്ഷ പരമപ്രധാനമാണ്. അതുപോലെ ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വ്യോമയാന മേഖലയിൽ നിയമമാണ്. ഇതിലുണ്ടാകുന്ന ലംഘനങ്ങൾ വിമാനത്തിന്റെ ആകെ സുരക്ഷയെ ബാധിക്കുന്നതും, മറ്റുള്ളവരുടെ സുരക്ഷയെ ഹനിക്കുന്നതുമാണ്.”, IATA സി ഇ ഓ അലക്സാണ്ടർ ഡി ജൂനിയക് വ്യക്തമാക്കി. അടുത്തിടെ വിവിധ രാജ്യങ്ങളിൽ നിന്നായി ഏതാനം യാത്രികർ വിമാനയാത്രാവേളയിൽ മാസ്കുകൾ ഉപയോഗിക്കാൻ വിസമ്മതിച്ച റിപ്പോർട്ടുകളോട് പ്രതികരിച്ച് കൊണ്ടാണ് IATA ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം നിർദ്ദേശങ്ങൾ അനുസരിക്കാതെ, മുഴുവൻ യാത്രികരുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകാതിരിക്കാൻ വിമാനകമ്പനികൾക്ക് അധികാരമുണ്ടെന്നും IATA കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങളിലെ ടിക്കറ്റ് കൗണ്ടർ, ചെക്ക്-ഇൻ, ഗേറ്റ്, വിമാനത്തിനുള്ളിൽ തുടങ്ങിയ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും IATA ഓർമ്മപ്പെടുത്തി.