ഇന്ത്യ – ദുബായ് വിമാനസർവീസുകളിലെ അനിശ്ചിതത്വം തുടരുന്നു; യാത്രാവിലക്ക് തുടരുന്നതായി എമിറേറ്റ്സ്

featured UAE

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതായി എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ-ദുബായ് വിമാനസേവനങ്ങളെക്കുറിച്ച് യാത്രികരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചത്.

ജൂൺ 24-ന് വൈകീട്ടാണ് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചത്. “ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുകയാണ്. നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ജൂലൈ 6 വരെ ഈ വിലക്ക് തുടരുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്. യാത്രാ നിബന്ധനകൾ, മാനദണ്ഡങ്ങൾ എന്നിവയിൽ വരുന്ന മാറ്റങ്ങൾ ഉടൻ തന്നെ ഞങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്.”, യാത്രികർക്കുള്ള മറുപടിയായി എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിൽ കുറിച്ചു.

ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ ആരംഭിക്കുമെന്നും ഏതാനം ഉപഭോക്താക്കൾക്ക് എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് മറുപടി നൽകിയിട്ടുണ്ട്.

2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് ജൂൺ 19-ന് രാത്രി അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, ജൂൺ 23 മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാനുള്ള ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനത്തെത്തുടർന്നാണ് എമിറേറ്റ്സ് ഈ അറിയിപ്പ് നൽകിയത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് 4 മണിക്കൂർ മുൻപ് എടുക്കേണ്ട റാപ്പിഡ് PCR ടെസ്റ്റ് മുതലായ നിബന്ധനകളിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ജൂലൈ 6 വരെ നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.