യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

featured GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. 2026 ഏപ്രിൽ 11-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഏപ്രിൽ 11-ന് യു എ ഇയിലെത്തിയത്.

യു എ ഇയ്ക്കും നിരവധി സഹോദര, സൗഹൃദ രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്നുള്ള പ്രാദേശിക സുരക്ഷയെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. പ്രാദേശിക, അന്തർദേശീയ സുരക്ഷ, ആഗോളതലത്തിലുള്ള ജലഗതാഗതം, ഊർജ്ജ വിതരണം, ലോക സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയെ ഈ ആക്രമണങ്ങൾ എങ്ങനെ ഗുരുതരമായി ബാധിക്കുമെന്ന് ഇരുവരും ചർച്ച ചെയ്തു.

Source: WAM.

യു എ ഇയുടെ പരമാധികാരം, പ്രദേശിക സമഗ്രത, പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി യു എ ഇയോടുള്ള പൂർണ ഐക്യദാർഢ്യം ആവർത്തിച്ച് വ്യക്തമാക്കി.

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ യു എ ഇ സന്ദർശനത്തിൽ ഷെയ്ഖ് അബ്ദുള്ള കൃതജ്ഞത രേഖപ്പെടുത്തി. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

യു എ ഇയിലെ എല്ലാ നിവാസികളുടെയും സന്ദർശകരുടെയും സുരക്ഷ സംബന്ധിച്ച് ഷെയ്ഖ് അബ്ദുള്ള ഉറപ്പുനൽകി. മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സഹമന്ത്രി സയീദ് മുബാറക് അൽ ഹജേരി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.