യുക്രയിൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ റഷ്യ, ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും, ഇന്ത്യൻ പൗരന്മാർക്കും ആശങ്കപെടേണ്ട തരത്തിൽ യാതൊരു സുരക്ഷാ പ്രശ്നങ്ങളും നിലവിൽ ഇല്ലെന്ന് റഷ്യയിലെയും, അർമേനിയയിലെയും ഇന്ത്യൻ എംബസ്സികൾ വ്യക്തമാക്കി. ഇതു സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നതിന്റെ വെളിച്ചത്തിൽ പുറത്തിറക്കിയ പ്രത്യേക അഡ്വൈസറികൾ മുഖേനയാണ് എംബസ്സികളുടെ ഈ വെളിപ്പെടുത്തൽ.
നിലവിൽ അർമേനിയയിലെയും, ജോർജിയയിലെയും സ്ഥിതിഗതികൾ ശാന്തമാണെന്ന് 2022 മാർച്ച് 14-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അർമേനിയയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. എംബസ്സികൾ സ്ഥതിഗതികൾ നിരന്തരമായി വീക്ഷിക്കുകയും ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കുന്നുമുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുമെന്നും, അതിനാൽ ശാന്തമായും സ്ഥിരതയോടെയും തങ്ങളുടെ പഠനത്തിലും ജോലിയിലും വ്യാപൃതരാവാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
റഷ്യയെ സംബന്ധിച്ചിടത്തോളം, ബാങ്കിംഗ് സേവനങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നുവെന്നും, ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് ഭംഗം നേരിടുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങി പോവുന്നവർക്ക് അങ്ങിനെയാവാമെന്നും റഷ്യയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചിട്ടുണ്ട്.
അതുപോലെ, പല റഷ്യൻ യൂണിവേഴ്സിറ്റികളും തങ്ങളുടെ അധ്യയനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് എംബസ്സിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, വിദ്യാർത്ഥികൾ തങ്ങളുടെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോഴ്സുകൾക്ക് ഭംഗം വരുത്താതെ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും എംബസ്സി നിർദ്ദേശിച്ചു.
11.33 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പഠിക്കുന്നവരാണെന്നാണ് സർക്കാർ കണക്കുകൾ. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്ത് വിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 2021 വർഷത്തിൽ മാത്രം 4,45,498 പേർ വിദേശങ്ങളിൽ പഠനാവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്! ഏകദേശ കണക്കനുസരിച്ച് നിലവിൽ, റഷ്യയിൽ 16,500-ഉം ജോർജിയയിൽ 7,500-ഉം അർമേനിയയിൽ 2000- ഉം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റം ഏറെ ചർച്ചാ വിഷയമാക്കേണ്ടതും സുരക്ഷിതവും ക്രമപ്രകാരവും നിയമപരവുമായ കുടിയേറ്റം സാധ്യമാക്കേണ്ടതുമുണ്ട്.
തയ്യാറാക്കിയത്: ️അബ്ദുൽ റഊഫ് കൊണ്ടോട്ടി.
Cover Image: Wikimedia Commons. [By: Joxovurd]