രാജ്യത്തെ ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഇത് സംബന്ധിച്ച് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
മെയ് 7-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6-ന് നൽകിയ അറിയിപ്പിൽ വാക്സിനേഷനുമായി ബന്ധപ്പെട്ടുളള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത ശേഷം മന്ത്രാലയം ഈ അറിയിപ്പ് ആവർത്തിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ ബഹ്‌റൈനിൽ നിന്ന് 2 ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർ, COVID-19 രോഗമുക്തി നേടിയവർ, ജി സി സി രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ്.
ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ ബഹ്‌റൈനിൽ താഴെ പറയുന്ന ഇൻഡോർ സേവനങ്ങൾ വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും, രോഗമുക്തി നേടിയവർക്കും മാത്രമായി പരിമിതപ്പെടുത്തുന്നതാണ്:
- ഭക്ഷണശാലകളിലെ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ.
- ഇൻഡോർ ജിം സേവനങ്ങൾ.
- ഇൻഡോർ സ്വിമ്മിങ്ങ് പൂൾ.
- സിനിമാശാലകൾ.
- സ്പോർട്സ് വേദികളിൽ ആരാധകരെ പ്രവേശിപ്പിക്കുന്നത്.
- ഇൻഡോർ വേദികൾ, കോൺഫറൻസ് ഹാളുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന ചടങ്ങുകൾ.
- കുട്ടികൾക്കായുള്ള ഇൻഡോർ കളിയിടങ്ങൾ, വിനോദ കേന്ദ്രങ്ങൾ.
- സ്പാ.
താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർക്ക് മേൽ പറഞ്ഞ ഇൻഡോർ സേവനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമാണ് ഇൻഡോർ സേവനങ്ങൾ ലഭ്യമാക്കുന്നത്:
- ‘BeAware’ ആപ്പിൽ പൂർണ്ണമായും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി കാണിക്കുന്ന (പച്ച നിറത്തിലുള്ള ഷീൽഡ്) ബഹ്‌റൈൻ പൗരന്മാർ, നിവാസികൾ എന്നിവർ.
- ജി സി സി രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ. ഇവർക്ക് അതാത് രാജ്യത്തിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷനിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സ്റ്റാറ്റസ് (പച്ച നിറത്തിലുള്ള ലോഗോ) നിർബന്ധമാണ്.
- മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ, രാജ്യത്ത് പ്രവേശിക്കുന്ന സമയം ലഭിച്ചിട്ടുള്ള, വാക്സിനേഷൻ സ്റ്റാറ്റസ് ബഹ്‌റൈൻ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന, വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാർഡ് ഇത്തരം ഇടങ്ങളിൽ ഹാജരാക്കേണ്ടതാണ്.
- COVID-19 രോഗമുക്തി നേടിയവർ. ഇവർ ‘BeAware’ ആപ്പിലൂടെ രോഗമുക്തരായ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.
- മേൽ പറഞ്ഞ വിധം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മാതാപിതാക്കളുടെയോ, രക്ഷകര്‍ത്താക്കളുടെയോ കൂടെ എത്തുന്ന 12 വയസിൽ താഴെ പ്രായമുള്ളവർ.
- 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവർ.
ഭക്ഷണശാലകളിലെ ഔട്ട്ഡോർ ഡൈനിങ്ങ് സേവനങ്ങൾ, ജിം, സ്പോർട്സ് സ്റ്റേഡിയം എന്നിവിടങ്ങളിലെ ഔട്ട്ഡോർ സേവനങ്ങൾ, കുട്ടികൾക്കായുള്ള തുറന്ന കളിയിടങ്ങൾ, ഔട്ട്ഡോർ സ്വിമ്മിങ്ങ് പൂൾ, ഔട്ട്ഡോർ സിനിമ, വിനോദകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ സമൂഹ അകലം, മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ പാലിച്ച് കൊണ്ട് മറ്റുള്ളവർക്കും സേവനങ്ങൾ നൽകുന്നത് തുടരുന്നതാണ്.
ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.