സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിൽ ഏഴ്, കോഴിക്കോട്ട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്.
പാലക്കാടുള്ള ഒരാളുടെ പരിശോധനാഫലമാണ് ബുധനാഴ്ച നെഗറ്റീവായി. ഇതുവരെ 437 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ ഇപ്പോൾ ചികിത്സയിലാണ്.
28,804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമായി സംസ്ഥാനത്ത് 29,150 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്്. ബുധനാഴ്ചമാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.
പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്. അഞ്ചുപേരാണ് വിദേശത്തുനിന്ന് വന്നവർ. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജൻമാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ കണ്ണൂർ സ്വദേശിയാണ്. അവർ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനിൽ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.