COVID-19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ ആരംഭിച്ചു. പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം.
http://dic.kerala.gov.in/web/nrk/entrepreneur.php എന്ന വിലാസത്തിലാണ് പ്രവാസി വിവരശേഖരണ പോർട്ടൽ ലഭ്യമാകുക. കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തി അവശ്യമായ സഹായങ്ങൾ വ്യവസായ വകുപ്പ് നൽകും. തിരികെയെത്തുന്നവരുടെ തൊഴിൽ നൈപുണ്യം, അനുഭവ സമ്പത്ത്, പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള കഴിവ് എന്നിവ നാടിന്റെ വികസനത്തിന് ഉപയോഗിക്കാനാണ് വ്യവസായ വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യവസായിക, കൃഷി ആവശ്യങ്ങൾക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നൽകാൻ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവർക്ക അത്തരം വിവങ്ങളും പോർട്ടലിൽ നൽകാം. സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർവഴി സഹായം നൽകും. ആശയം വികസിപ്പിക്കാൻ സാങ്കേതിക നിർദ്ദേശം, പദ്ധതി രൂപരേഖ തയ്യാറാക്കുക, സംരംഭ സഹായ പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ വഴി നേരിട്ടോ ബാങ്ക് വഴിയോ സാമ്പത്തിക ശ്രോതസ് കണ്ടെത്തുക തുടങ്ങി സംരംഭം പൂർത്തിയാക്കുന്നതുവരെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സഹായം നൽകും.