കേരളത്തിൽ പത്ത് പേർക്ക് കൂടി ഏപ്രിൽ 29, ബുധനാഴ്ച്ച കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലത്തെ ആറ് പേർക്കും തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ രണ്ടു വീതം പേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലത്ത് അഞ്ച് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ഉണ്ടായത്. ഒരാൾ ആന്ധ്രാപ്രദേശിൽ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്‌നാട്ടിൽ നിന്ന് വന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
പത്തു പേർ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മൂന്നു വീതം പേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്. രോഗം സ്ഥിരീകരിച്ച മൂന്നു പേർ ആരോഗ്യപ്രവർത്തകരാണ്. കാസർകോട് ജില്ലയിലെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 495 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ഇപ്പോൾ ചികിത്‌സയിലുള്ളത്. 20,673 പേർ നിരീക്ഷണത്തിലുണ്ട്. 20,172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച 84 പേരാണ് ആശുപത്രിയിലെത്തിയത്.
അതിഥി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, സമൂഹ്യ സമ്പർക്കത്തിൽ ഏർപ്പെടുന്ന ആളുകൾ എന്നിവരുടെ 875 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 801 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ മൂന്നു പേരുടെ ഉൾപ്പെടെ പുനപരിശോധനയ്ക്കായി അയച്ച 25 സാമ്പിളുകളുടെ ഫലം വന്നിട്ടില്ല.
സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 102 ആയി. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നിവയെ ഹോട്ട്‌സ്‌പോട്ടുകളാക്കി.