രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർച്ച് അഞ്ചു മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. അത്തരക്കാർ ദിശ നമ്പരിലേക്ക് വിളിച്ച് എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കണം. സമൂഹവ്യാപനം തടയാൻ 60 വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അവർ ഇടപഴകരുത്.
തിരുവനന്തപുരത്തെ പോത്തൻകോട്ട് ശക്തമായ നിയന്ത്രണങ്ങളുണ്ട്. എന്നാൽ, അത് ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് പോകരുത്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തെ അകറ്റിനിർത്തുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം സമൂഹത്തിലും ശ്രദ്ധയുണ്ടാകണം. ആരും വൈറസ് ഭീഷണിക്കതീതരല്ലെന്ന് പൊതുപ്രവർത്തകർ ഉൾപ്പെടെ മനസിലാക്കി മുൻകരുതലോടെയുള്ള പ്രവർത്തനവും ബോധവത്കരണവും വേണം.
ഡെൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ 157 പേരാണ് കേരളത്തിൽനിന്ന് പങ്കെടുത്തത്. എല്ലാ ജില്ലകളിൽ നിന്നുമുള്ളവരുണ്ട്. ഇവരുടെ വിശദാംശം സർക്കാർ ശേഖരിച്ചിട്ടുണ്ട്. രോഗം സംശയിക്കുന്ന ആളുകൾ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ചിലർ ഡെൽഹിയിൽ തന്നെയാണുള്ളത്.
സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തും. ആശുപത്രികൾക്കു പുറമെ ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകൾ, ഹോസ്റ്റലുകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവിടങ്ങളിൽ ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ ലഭ്യമാകുമെന്ന് ഉറപ്പാക്കി. അടിയന്തര സാഹചര്യം വന്നാൽ ഇവ ഉപയോഗിക്കും.
സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് ഇതുവരെ 1663 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള തിരക്കിൽ മറ്റ് രോഗങ്ങളെയും രോഗപകർച്ചയെയും കാണാതിരിക്കരുത്. സിക്ക വൈറസ്, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പരിസര ശുചീകരണവും ആവശ്യമായ കരുതലും ഒരു കാരണവശാലും ഇല്ലാതാവരുത്. പരിസരങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം.
ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രസക്തി വർധിക്കുകയാണ്. അതോടൊപ്പം മാലിന്യശേഖരണം നടത്തേണ്ടതുമുണ്ട്. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും മാലിന്യസംസ്‌കരണ സംവിധാനമൊരുക്കാൻ റസിഡൻസ് അസോസിയേഷനുകൾ മുൻകൈ എടുക്കണം. തദ്ദേശസ്ഥാപനങ്ങൾനേതൃത്വം നൽകി ഏകോപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.