കുവൈറ്റ്: കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളിൽ മാറ്റം വരുത്തി

GCC News

കുവൈറ്റിൽ കുടുംബ വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറുന്നതിന് അനുവാദം നൽകിയിട്ടുള്ള വിഭാഗങ്ങളുടെ മാറ്റം വരുത്തിയ പട്ടിക പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി. ഇത് പ്രകാരം പുതിയതായി നാല് വിഭാഗങ്ങൾക്ക് കൂടി തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ വർക്ക് പെർമിറ്റിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങൾ തൊഴിൽ മേഖലയിലെ വിദഗ്ധർ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ സാമ്പത്തിക, തൊഴിൽ മേഖലകളിൽ കൊറോണ വൈറസ് മൂലം ഉടലെടുത്തിട്ടുള്ള സഹചര്യം കണക്കിലെടുത്ത്, ഏതാനം വിഭാഗങ്ങളിലെ കുടുംബങ്ങൾക്ക് തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സഹായം നൽകുന്നതിനായാണ് ഈ നടപടിയെന്ന് മാൻപവർ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ മുതെഹ് അറിയിച്ചു.

താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കാണ് കുടുംബ വിസകളിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസകളിലേക്ക് മാറുന്നതിന് അനുമതി നൽകിയിട്ടുള്ളത്:

  • കുവൈറ്റ് പൗരന്മാരുടെ ഭാര്യമാർ, കുവൈറ്റി വനിതകളുടെ ഭർത്താവ്, കുട്ടികൾ എന്നിവർ.
  • കുവൈറ്റിൽ ജനിച്ചവർ, കുവൈറ്റി പൗരന്മാരുടെ ബന്ധുക്കൾ.
  • രേഖകൾ കൈവശമുള്ള പലസ്തീൻ പൗരന്മാർ.
  • കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ചുരുങ്ങിയത് സെക്കൻഡറി സ്കൂൾ യോഗ്യതയുള്ള ഡിപ്ലോമ നേടിയിട്ടുള്ളവർ.
  • ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുള്ള, ആരോഗ്യ മേഖലയിലെ സാങ്കേതിക തൊഴിൽ രംഗങ്ങളിൽ നൈപുണ്യമുള്ളവർ.
  • വിദ്യാലയങ്ങളിലെ അദ്ധ്യയനവിഭാഗങ്ങളിൽ തൊഴിലെടുക്കാൻ ആവശ്യമായ യോഗ്യതകളുള്ളവർ.