കുവൈറ്റ്: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ചു

GCC News

കുവൈറ്റിലെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2022 ഫെബ്രുവരി 4 മുതൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രായവിഭാഗക്കാർക്കിടയിലെ വാക്സിനേഷൻ നടപടികൾ വരും ദിനങ്ങളിൽ ആരംഭിക്കുമെന്ന് 2022 ജനുവരി 30-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു.

കുവൈറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 21 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നത്. ഈ പ്രായവിഭാഗക്കാർക്കിടയിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളോട് മന്ത്രാലയം ജനുവരി 30-ന് ആഹ്വാനം ചെയ്തിരുന്നു.

Cover Photo: A COVID-19 vaccination filed unit by Kuwait MoH. [Source – Kuwait News Agency.]