കുവൈറ്റ്: ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താത്‌കാലികമായി നിർത്തലാക്കി

GCC News

രാജ്യത്ത് പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2022 ജൂൺ 27 മുതൽ താത്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 27-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം വിസകൾ അനുവദിക്കുന്ന നടപടികൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിർത്തിവെച്ചിരിക്കുന്നത്. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ആഹ്മെദ് അൽ നവാഫിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനായി ഒരു പുതിയ സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു നടപടി എന്നാണ് സൂചന.