രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യതയുള്ള മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്ന തീരുമാനത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. സെപ്റ്റംബർ 25-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുസമൂഹത്തിൽ എളുപ്പത്തിൽ രോഗബാധയേൽക്കാൻ സാധ്യതയുള്ള ജനങ്ങൾക്കിടയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിനാണ് കുവൈറ്റ് തീരുമാനിച്ചിരിക്കുന്നത്:
- 60 വയസിന് മുകളിൽ പ്രായമുള്ളവർ.
- ആരോഗ്യ പരിചരണ മേഖലയിലെ ജീവനക്കാർ.
- രോഗപ്രതിരോധ ശേഷി കുറവുള്ളവർ.
ഇവർക്ക് COVID-19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനാണ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർക്ക് കുത്തിവെപ്പ് എടുക്കുന്നത് സംബന്ധിച്ചുള്ള മുൻകൂർ ബുക്കിംഗ് വിവരങ്ങൾ മന്ത്രാലയത്തിൽ നിന്ന് SMS മുഖേനെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് മന്ത്രാലയം പിന്നീട് തീരുമാനിക്കുന്നതാണ്.