യു എ ഇ ചൊവ്വാ ദൗത്യം: റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചു

UAE

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള, ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റ് തനെഗഷിമ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ എത്തിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അല്പം മുൻപ് അറിയിച്ചു. H-IIA F42 എന്ന ഈ വിക്ഷേപണ വാഹനത്തെ, വിക്ഷേപണത്തറയിൽ ഘടിപ്പിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്. കേവലം 13 മണിക്കൂറുകളോളമാണ് ഇനി വിക്ഷേപണത്തിനായുള്ളത്.

നിലവിലെ കാലാവസ്ഥ വിലയിരുത്തിയ ശേഷമാണ് ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന വിക്ഷേപണ വാഹനത്തെ വിക്ഷേപണത്തറയിലേക്ക് മാറ്റിയത്.

മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 20-നു രാത്രി 1.58-നാണ് (യു എ ഇ സമയം). വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴയും, അസ്ഥിരമായ കാലാവസ്ഥയും മൂലം, ജൂലൈ 15-നു നടത്തേണ്ടിയിരുന്ന, ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.

Cover photo: Dubai Media Office.