അബുദാബി: ഹോട്ടലുകളിലും കഫെകളിലും ശീഷ ഉപയോഗിക്കുന്നതിന് അനുമതി നൽകി

UAE

മാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) അനുമതി നൽകി. കർശനമായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഈ സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ജനുവരി 3, ഞായറാഴ്ച്ച വൈകീട്ടാണ് ADDED ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഇത്തരം സേവനങ്ങൾ നൽകാൻ പ്രത്യേക ലൈസൻസ് ലഭിച്ചിട്ടുള്ള ഹോട്ടലുകളിലും, കഫെകളിലും മറ്റുമാണ് ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കാൻ അനുമതിയുള്ളത്. COVID-19 വ്യാപന പശ്ചാത്തലത്തിൽ 2020 മാർച്ച് 12 മുതൽ അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കിയിരുന്നു.

ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് താഴെ പറയുന്ന സുരക്ഷാ നിബന്ധനകളോടെയാണ് ADDED അനുമതി നൽകിയിട്ടുള്ളത്:

  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഹുക്ക ഉപകരണങ്ങൾ, പൈപ്പ് മുതലായവ നിർബന്ധമാണ്.
  • ഹുക്ക പരീക്ഷിച്ച്‌ നോക്കുന്നതിന് അനുമതി ഇല്ല.
  • ഇത്തരം സേവനങ്ങൾ നൽകുന്നതിനായി പ്രത്യേകം വേർതിരിച്ച ഇടം തയ്യാറാക്കേണ്ടതാണ്.
  • ഇത്തരം ഇടങ്ങളിൽ കൃത്യമായ ഇടവേളകളിൽ ശുചീകരണം ഉറപ്പാക്കണം.