യു എ ഇ: സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള യാത്ര തത്സമയം കാണാൻ അവസരം

UAE

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-നാണ് ഭൂമിയിൽ തിരിച്ചെത്തുന്നത്.

അൽ നെയാദി അടക്കമുള്ള ദൗത്യസംഘത്തെ വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ ബഹിരാകാശപേടകം 2023 സെപ്റ്റംബർ 2-ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെടുമെന്നും, സെപ്റ്റംബർ 3-ന് ഇത് ഭൂമിയിൽ തിരികെ പ്രവേശിക്കുമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ http://mbrsc.ae/live/ എന്ന വിലാസത്തിൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ തത്സമയം ലഭ്യമാക്കുന്നതാണ്.

ഈ തത്സമയ സംപ്രേക്ഷണം താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് ലഭ്യമാക്കുന്നത്:

  • 2023 സെപ്റ്റംബർ 2-ന് വൈകീട്ട് 3 മണിമുതൽ തത്സമയം – ഡ്രാഗൺ ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ. വൈകീട്ട് 5.05-നാണ് ഡ്രാഗൺ ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെടുന്നത്.
  • സെപ്റ്റംബർ 3-ന് രാവിലെ 8.30 മുതൽ തത്സമയം – ഡ്രാഗൺ ബഹിരാകാശപേടകം ഭൂമിയിൽ തിരികെ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ. രാവിലെ 8.58-ന് ശേഷമായിരിക്കും ഡ്രാഗൺ ബഹിരാകാശപേടകം അമേരിക്കയുടെ ഫ്ലോറിഡ തീരത്തിന് സമീപം കടലിൽ ഇറങ്ങുന്നത്.

സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള അൽ നെയാദി അടക്കമുള്ള ദൗത്യസംഘം 2023 മാർച്ച് 3-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നത്. തുടർന്ന് ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടർന്നു.

Cover Image: @Astro_Alneyadi. Emirati astronaut Sultan Al Neyadi reading Tintin comics at International Space Station.