സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

GCC News

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു. 2023 ഡിസംബർ 19-നാണ് RCRC അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇതോടെ റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖലയുടെ ഭാഗമായുള്ള 54 ബസ് റൂട്ടുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പ്രധാന ശൃംഖല പൂർത്തിയാക്കിയതോടെ അകെ 679 ബസുകളും, 2145 സ്റ്റേഷനുകളുമായാണ് നിലവിൽ റിയാദ് ബസ് സർവീസ് പ്രവർത്തിക്കുന്നത്.

റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. രണ്ടാം ഘട്ടം 2023 ജൂൺ 19-നും, മൂന്നാം ഘട്ടം 2023 ഓഗസ്റ്റ് 19-നും ആരംഭിച്ചിരുന്നു.

കിംഗ് അബ്ദുൽഅസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. റിയാദ് നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.

ഇതിന്റെ ഭാഗമായി പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകളാണ് ഉപയോഗിക്കുന്നത്. ഈ ബസുകളുടെ ടിക്കറ്റുകൾ ‘റിയാദ് ബസ്’ ആപ്പിലൂടെ ലഭ്യമാണ്.

റിയാദ് ബസ് സർവീസ് പദ്ധതിയുടെ ഭാഗമായി ആകെ 87 റൂട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 54 റൂട്ടുകൾ പ്രധാന ശൃംഖലയിലും, 33 റൂട്ടുകൾ റിയാദ് ട്രെയിൻ സംവിധാനത്തിലെ ഫീഡർ റൂട്ടുകളുമാണ്.