ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ധനകാര്യ വകുപ്പ് മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് 2024 വേദി സന്ദർശിച്ചു. 2024 ഫെബ്രുവരി 23-നാണ് അദ്ദേഹം ഗൾഫുഡ് 2024 സന്ദർശിച്ചത്.
“പ്രധാനപ്പെട്ട ആഗോള വ്യവസായ മേഖലകളിൽ നവീനത, സുസ്ഥിരത, മഹിമ തുടങ്ങിയവ വളർത്തുന്നതിൽ ദുബായ് പുലർത്തുന്ന വലിയ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഗൾഫുഡ് 2024.”, സന്ദർശന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഭാവിയിലെ ഭക്ഷണ വ്യവസായ മേഖല എങ്ങനെയായിരിക്കുമെന്ന്, ഏറ്റവും നൂതനമായ ആശയങ്ങളെ അവതരിപ്പിച്ച് കൊണ്ട് അടയാളപ്പെടുത്തുന്ന ഈ പ്രദർശനം ആഗോളതലത്തിൽ വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ദുബായ് വഹിക്കുന്ന പങ്കിന്റെ പ്രതീകമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തൊമ്പതാമത് പതിപ്പ് 2024 ഫെബ്രുവരി 19, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചിരുന്നു.
WAM