ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ രണ്ടായിരത്തിലധികം അറബിക്, ഇംഗ്ലീഷ് ബ്രെയിൽ പുസ്തകങ്ങൾ ലഭ്യമാണ്

featured GCC News

സാഹിത്യപരവും, ചരിത്രപരവും, ബൗദ്ധികപരവുമായ വിഷയങ്ങളും, റഫറൻസുകളും ഉൾപ്പടെ അറബിയിലും, ഇംഗ്ലീഷിലുമുള്ള രണ്ടായിരത്തിലധികം ബ്രെയിൽ പുസ്തകങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്ററിൽ ലഭ്യമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിശ്ചയദാർഢ്യമുള്ള ആളുകൾക്കായി പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്റർ പ്രത്യേക പരിശീലനപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Source: Dubai Media Office.

നിശ്ചയദാർഢ്യമുള്ള ആളുകളെ പൊതുസമൂഹത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നതിനും, അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് അതിന്റെ എല്ലാ സൗകര്യങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്.

Source: WAM.

അന്ധതയുള്ളവർക്കും, കാഴ്ചാ വൈകല്യമുള്ളവർക്കുമായി ലൈബ്രറിയിൽ വായിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും, ഭൂതക്കണ്ണാടി ഉൾപ്പടെയുള്ള സാമഗ്രികളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കാഴ്ച വൈകല്യമുള്ള വ്യക്തികൾ ഉൾപ്പെടെ, നിശ്ചയദാർഢ്യമുള്ള ആളുകൾക്കായി വായിക്കാനും കേൾക്കാനും കഴിയുന്ന പുസ്തകങ്ങൾ ലൈബ്രറി ലഭ്യമാക്കുന്നു. കാഴ്ചാ വൈകല്യമുള്ളവർക്ക് പഠിക്കുന്നതിനും, സമൂഹത്തിൽ ഉയർച്ച കൈവരിക്കുന്നതിനും ഇത് സഹായിക്കുന്നു.

Source: Dubai Media Office.

ലൈബ്രറിയുടെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ഇൻഫർമേഷൻ സെന്ററിൽ ഒരുക്കിയിട്ടുള്ള 2,000-ലധികം ബ്രെയിൽ പുസ്തകങ്ങൾക്ക് പുറമെ, ചിൽഡ്രൻസ് ലൈബ്രറിയിൽ ലോസ് ഏഞ്ചൽസിലെ ബ്രെയിൽ ഇൻസ്റ്റിറ്റ്യൂട്ട്, സായിദ് ചാരിറ്റബിൾ & ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ജോർദാനിലെ ഡാർ ഇബ്സാർ എന്നീ സംഘടനകൾ സമ്മാനിച്ച ഇത്തരത്തിലുള്ള കഥാപുസ്തകങ്ങളുടെ ഒരു അതുല്യ ശേഖരവുമുണ്ട്.

ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡിന് അനുസൃതമായി കെട്ടിടവും സൗകര്യങ്ങളും ക്രമീകരിച്ചുകൊണ്ട്, നിശ്ചയദാർഢ്യമുള്ള ആളുകളെ ശാക്തീകരിക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലൈബ്രറിയുടെ പ്രധാന കവാടത്തിൽ ലഭ്യമാക്കിയിട്ടുള്ള വീൽചെയറുകൾ, ബ്രെയിൽ ലിപിയിൽ നൽകിയിട്ടുള്ള അറിയിപ്പുകൾ, ഓഡിയോ, വിഷ്വൽ അലാറം സംവിധാനങ്ങൾ, ടോയ്‌ലറ്റ് അലാറം ഉപകരണങ്ങൾ, കെട്ടിടത്തിന്റെ എല്ലാ നിലകളിലും നൽകിയിട്ടുള്ള പ്രത്യേക ഒഴിപ്പിക്കൽ കസേരകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദൈനംദിന പ്രവർത്തനങ്ങൾക്കായി കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ ആദ്യ ഗ്രന്ഥശാലയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി

മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2022 ജൂൺ 13-ന് ഉദ്ഘാടനം ചെയ്തിരുന്നു.

WAM. Cover Image: Dubai Media Office.