2024-ലെ ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024 മെയ് 6-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ സന്ദർശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആരംഭിച്ച മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിൽ വെച്ചാണ് ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
“ഈ വർഷത്തിന്റെ ആദ്യ പാദത്തിലെ സന്ദർശകരുടെ കണക്കുകൾ ടൂറിസം മേഖലയിലെ റെക്കോർഡ് നേട്ടത്തിലേക്കാണ് ദുബായ് സഞ്ചരിക്കുന്നതെന്ന് കൃത്യമായി ചൂണ്ടിക്കാട്ടുന്നു. ടൂറിസം ഉൾപ്പടെയുള്ള എല്ലാ പ്രധാനമേഖലകളിലും എമിറേറ്റിനെ ഏറ്റവും മുൻപന്തിയിൽ എത്തിക്കുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ ദർശനങ്ങളെ സാധൂകരിക്കുന്നതാണ് ഈ നേട്ടം.”, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
WAM