എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2022 ഫെബ്രുവരി 5-നാണ് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.
“ഒമ്പത് ലക്ഷം സന്ദർശകർ എന്ന പ്രബലമായ നാഴികക്കല്ല് ഇന്ത്യൻ പവലിയൻ ഇന്നലെ മറികടന്നു. എല്ലാ സന്ദർശകർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഒരു ദശലക്ഷം സന്ദർശകർ എന്ന നേട്ടം കൈവരിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നു.”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സംഘാടകരും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്.
വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ പ്രാചീന ചരിത്രം, പുരാതന നിർമ്മിതികൾ, സാംസ്‌കാരിക ചിഹ്നങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതാണ്ട് 4614 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇന്ത്യൻ പവലിയൻ ഇതുവരെയുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ പവലിയനാണ്.
Cover Photo Source: Indian Pavilion at Expo 2020 Dubai official Twitter Handle.