ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ രണ്ട് ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. എക്സ്പോ വേദിയിലെത്തിയ ആകെ സന്ദർശകരുടെ ഏതാണ്ട് 30 ശതമാനത്തോളം പേർ സൗദി പവലിയൻ സന്ദർശിച്ചതായും അധികൃതർ വ്യക്തമാക്കി.
എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഡിസംബർ 26 വരെയുള്ള 86 ദിവസങ്ങളിലാണ് ഇത്രയും സന്ദർശകർ സൗദി പവലിയനിലെത്തിയത്. ഇതിൽ പ്രാദേശിക സന്ദർശകരും, അറബ് നാടുകളിൽ നിന്നുള്ള സന്ദർശകരും, വിദേശ സന്ദർശകരും ഉൾപ്പെടുന്നു.
86 ദിവസങ്ങൾക്കിടയിൽ രണ്ട് ദശലക്ഷം സന്ദർശകർ എന്നത് എക്സ്പോ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. എക്സ്പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതിചെയ്യുന്നത്. എക്സ്പോ നടക്കുന്ന ആറ് മാസത്തെ കാലാവധിയിൽ 1800-ൽ പരം പരിപാടികളാണ് ഈ പവലിയനിൽ സന്ദർശകർക്കായി ഒരുക്കുന്നത്.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും, അതിന്റെ നൂതനവും ഗുണപരവുമായ പദ്ധതികളെക്കുറിച്ചും അറിയിക്കുകയും, ജനങ്ങൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാനുള്ള അതിരറ്റ അഭിലാഷം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാൻ ഈ പവലിയനിലൂടെ സാധിക്കുന്നതാണ്. ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു.
സുസ്ഥിര ഊര്‍ജ്ജ സ്റ്റേഷൻ, സൗദി കരകൗശലവസ്തുക്കളുടെ പ്രദർശനം, സൗദി നാടോടികലാരൂപങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക കലാപരിപാടികൾ, സന്ദർശകർക്ക് സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള രുചി വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം തുടങ്ങിയ വിവിധ അനുഭവങ്ങൾ ഈ പവലിയന്റെ ഭാഗമാണ്. 13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്. സന്ദർശകരുമായി സംവദിക്കുന്ന രീതിയിൽ തീർത്തിട്ടുള്ള ഏറ്റവും വലിയ ലൈറ്റ് ഫ്ലോർ, സമ്പര്‍ക്കം പുലര്‍ത്തുന്ന ഏറ്റവും നീളം കൂടിയ വാട്ടർ കർട്ടൻ, ഏറ്റവും വലിയ ഇന്ററാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറർ തുടങ്ങി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിട്ടുള്ള നേട്ടങ്ങൾ ഈ പവലിയന്റെ പ്രത്യേകതകളാണ്.