അടുത്തിടെ പുറത്തിറക്കിയ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ വന്നതായും, യു എ ഇയിലെ മുഴുവൻ ബാങ്കുകളിലേക്കും ഇവ വിതരണം ചെയ്തതായും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 ഏപ്രിൽ 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പുതിയ നോട്ടുകളെക്കുറിച്ച് പൊതുജങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, അവയുടെ പ്രചാരണം കൂട്ടുന്നതിനുമായി യു എ ഇ ബാങ്ക്സ് ഫെഡറേഷനുമായി ചേർന്ന് കൊണ്ട് രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനം ബാങ്കുകളുടെ എ ടി എം മെഷീനുകളിൽ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ ലഭ്യമാക്കിയതായി CBUAE അറിയിച്ചിട്ടുണ്ട്.
എമിറേറ്റ്സ് NBD, അബുദാബി കൊമേർഷ്യൽ ബാങ്ക് (ADCB), ഫസ്റ്റ് അബുദാബി ബാങ്ക് (FAB), ബാങ്ക് ഓഫ് ഷാർജ തുടങ്ങിയ ബാങ്കുകളുടെ എ ടി എം മെഷീനുകളിൽ നിന്ന് ഈ പുതിയ കറൻസി നോട്ടുകൾ ലഭ്യമാണ്. 2022 ഏപ്രിൽ പകുതിയോടെയാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അഞ്ച്, പത്ത് ദിർഹം മൂല്യമുള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയത്.
പരിസ്ഥിതി സൗഹാര്ദ്ദപരമായ രീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ നോട്ടുകൾ പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള അഞ്ച്, പത്ത് ദിർഹം നോട്ടുകളുടെ അതേ നിറങ്ങൾ ഉപയോഗിച്ചാണ് ഈ നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
പുതിയ അഞ്ച് ദിർഹം നോട്ടിന്റെ മുൻവശത്ത് ‘അജ്മാൻ ഫോർട്ട്’, പുറക് വശത്ത് റാസ് അൽ ഖൈമയിലെ ധായാഹ് ഫോർട്ട് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
പുതിയ പത്ത് ദിർഹം ബാങ്ക് നോട്ടിന്റെ മുൻവശത്ത് മധ്യഭാഗത്തായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
ഈ നോട്ടിന്റെ പുറക് വശത്ത് ഷാർജയിലെ ഖോർഫക്കാൻ ആംഫിതീയറ്ററിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പോളിമർ ഉപയോഗിച്ച് നിർമ്മിച്ച ഒരു പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് 2021 ഡിസംബർ 7-ന് പുറത്തിറക്കിയിരുന്നു. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ 50 ദിർഹം ബാങ്ക് നോട്ട് യു എ ഇയിൽ വിതരണം ചെയ്യുന്ന ഇത്തരത്തിലെ ആദ്യത്തെ ബാങ്ക് നോട്ടായിരുന്നു.
WAM