വാക്സിൻ കുത്തിവെപ്പെടുക്കാത്ത പൗരന്മാരുടെ യാത്രാവിലക്ക്: അഞ്ച് വിഭാഗങ്ങൾക്ക് ഇളവ് നൽകിയതായി കുവൈറ്റ് DGCA

featured GCC News

രാജ്യത്തെ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മെയ് 21-ന് വൈകീട്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശ യാത്രകൾ സംബന്ധിച്ച തീരുമാനത്തിലെ ഇളവുകൾ, വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടിക തുടങ്ങിയ വിവരങ്ങൾ ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വിജ്ഞാപന പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് കുവൈറ്റ് DGCA അറിയിച്ചിട്ടുള്ളത്:

കുവൈറ്റ് മന്ത്രിസഭയുടെ തീരുമാന പ്രകാരം യാത്രകളുമായി ബന്ധപ്പെട്ട് ഫൈസർ, അസ്ട്രസെനേക, മോഡർന, ജോൺസൻ ആൻഡ് ജോൺസൻ എന്നീ കമ്പനികളുടെ COVID-19 വാക്സിൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയതായി (കുവൈറ്റിൽ നിന്നോ, മറ്റു രാജ്യങ്ങളിൽ നിന്നോ ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ബാധകം) DGCA അറിയിച്ചു. വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് വിദേശയാത്രകൾ കുവൈറ്റ് വിലക്കിയിട്ടുണ്ട്. മേല്പറഞ്ഞ വാക്സിനുകളിലൊന്ന് സ്വീകരിച്ചവർക്ക് ഈ വിലക്ക് ബാധകമല്ല.

എന്നാൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശ യാത്രകൾ സംബന്ധിച്ച തീരുമാനത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കാനും DGCA തീരുമാനിച്ചിട്ടുണ്ട്.

  • ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുവൈറ്റ് പൗരന്മാർ. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇത് തെളിയിക്കുന്ന രേഖ ആവശ്യമാണ്.
  • ഗർഭിണികൾ. ഗർഭിണിയാണെന്ന് തെളിയിക്കുന്ന രേഖകൾ നിർബന്ധം.
  • വാക്സിൻ കുത്തിവെപ്പ് ഒഴിവാക്കിയിട്ടുള്ള പ്രായവിഭാഗക്കാർ.
  • ഒരു ഡോസ് വാക്സിനെടുത്തിട്ടുള്ള കുവൈറ്റിൽ നിന്നുള്ള വിദ്യാർഥികൾ. ഇവർ വിദേശത്ത് പഠിക്കുന്നതിന്റെ രേഖകൾ, വാക്സിനേഷൻ രേഖകൾ എന്നിവ ഹാജരാക്കേണ്ടതാണ്.
  • നയതന്ത്ര ഉദ്യോഗസ്ഥർ.

COVID-19 രോഗമുക്തി നേടിയവർ (രോഗമുക്തി നേടി 90 ദിവസം വരെ), ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് നേടിയവർ (കുത്തിവെപ്പ് സ്വീകരിച്ച് 2 ആഴ്ച്ച പിന്നിട്ടിരിക്കണം) എന്നീ വിഭാഗങ്ങൾക്ക് അവർ കുവൈറ്റ് മുസഫർ ആപ്പിലൂടെ, അല്ലെങ്കിൽ വെബ്സൈറ്റിലൂടെ ഒരു PCR ടെസ്റ്റ് നടത്തുന്നതിനുള്ള ഫീ നൽകുകയാണെങ്കിൽ രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കുമെന്നും DGCA അറിയിച്ചിട്ടുണ്ട്. മെയ് 22 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർ നിർബന്ധമായും ‘Kuwaitmosafer’ ആപ്പിൽ രെജിസ്റ്റർ ചെയ്തിരിക്കണം. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും ‘Kuwaitmosafer’, ‘Shlonik’ എന്നീ ആപ്പുകളിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ നടപടികൾ പൂർത്തിയാകാത്തവർക്ക് വിമാനങ്ങളിൽ ബോർഡിങ്ങ് അനുവദിക്കില്ലെന്നും DGCA അറിയിച്ചിട്ടുണ്ട്.

പ്രവാസികൾ ഉൾപ്പടെയുളള വിദേശ യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതായും DGCA പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.