ഒമാനിലെ രാത്രികാല യാത്രാ വിലക്കുകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള പുതിയ തീരുമാനങ്ങൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഏപ്രിൽ 5-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഈ തീരുമാന പ്രകാരം ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള രാത്രികാല നിയന്ത്രണങ്ങൾ (രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ) തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ രാത്രിസമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതാണ്.
റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് റമദാനിൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത്. റമദാൻ മാസത്തിൽ ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.
രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് റമദാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.