അബുദാബി: ഇന്ന് മുതൽ സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

GCC News

അബുദാബിയിലെ ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് (2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച) മുതൽ അടുത്ത അദ്ധ്യായനകാലം ആരംഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾ, ചാർട്ടർ സ്‌കൂളുകൾ, നഴ്‌സറികൾ എന്നിവയിലെ മുഴുവൻ വിദ്യാർത്ഥികളും നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) 2022 ഏപ്രിൽ 6-ന് അറിയിച്ചിരുന്നു.

16 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. ഉയർന്ന രോഗസാധ്യതയുള്ള അസുഖങ്ങളുള്ളവർ, COVID-19 രോഗലക്ഷണങ്ങളുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് വിദൂര പഠന രീതി തുടരാൻ അനുമതി.

ഏപ്രിൽ 11-ന് ആരംഭിക്കുന്ന അടുത്ത സ്‌കൂൾ ടെം മുതൽ വിദ്യാലയങ്ങളിൽ (ഇൻഡോറിലും, ഔട്ഡോറിലും) സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കാനും ADEK തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ളത് തുടരും.

അധ്യാപകർ, ജീവനക്കാർ, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ എന്നീ വിഭാഗങ്ങൾക്ക് ഓരോ 14 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് അൽ ഹൊസൻ ഗ്രീൻ പാസും നിർബന്ധമാണ്. 16 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാണ്.

16 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഓരോ 30 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് ഇതിന് പകരം അൽ ഹൊസൻ ഗ്രീൻ പാസ് ഉപയോഗിക്കാവുന്നതാണ്. സ്‌കൂളുകളിലെത്തുന്ന സന്ദർശകർക്ക് അൽ ഹൊസൻ ഗ്രീൻ പാസ് നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR റിസൾട്ട് ഉപയോഗിച്ചും പ്രവേശിക്കാവുന്നതാണ്.