അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിർമ്മാണ ഘട്ടത്തിൽ മിഡ്‌ഫീൽഡ് ടെർമിനൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന ‘ടെർമിനൽ എ’ 2023 നവംബർ ആദ്യം പ്രവർത്തനമാരംഭിക്കുന്നതോടെ പ്രാദേശിക വ്യോമയാന ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നതാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ വളർന്നുവരുന്ന പ്രശസ്തി ശക്തിപ്പെടുത്താനും, വ്യാപാര-വാണിജ്യ കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം കൂടുതൽ വർധിപ്പിക്കാനും ശേഷിയുള്ള എമിറേറ്റിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ഉദ്ഘാടനം.
742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്. ഇത് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും അളവ് ഗണ്യമായി വർദ്ധിപ്പിക്കും.
പ്രവർത്തനക്ഷമമാകുന്നതോടെ ഈ പുതിയ ടെർമിനൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്നതാണ്. മണിക്കൂറിൽ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാനും ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് ഈ ടെർമിനൽ ഒരുക്കുന്നത്.
ടെർമിനൽ എയുടെ കാർ പാർക്കിന്റെ മേൽക്കൂരയിൽ പൂർണ്ണമായും സംയോജിത സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് മെഗാവാട്ട് (MW) പ്ലാന്റിന് ഊർജ്ജം നൽകുന്ന ഇത് പ്രതിവർഷം ഏകദേശം 5,300t CO₂ ലാഭിക്കുന്നു.
WAM