യു എ ഇ: പകർച്ചവ്യാധി സംബന്ധമായ വ്യാജ സന്ദേശങ്ങൾക്ക് 20000 ദിർഹം പിഴ ചുമത്തും

GCC News

പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഏപ്രിൽ 18, ശനിയാഴ്ച്ച യു എ ഇ കാബിനറ്റ് തലത്തിൽ ധാരണയായി. സമൂഹത്തിൽ മാരകമായ രോഗങ്ങളെ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും അതിലൂടെ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനം.

ഇതുപ്രകാരം ആരോഗ്യ മന്ത്രാലയവും, മറ്റു ആരോഗ്യ രംഗത്തെ സർക്കാർ സംവിധാനങ്ങളും നാഷണൽ അതോറിറ്റി ഫോർ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ അംഗീകാരത്തോടെ പുറത്തു വിടുന്നതല്ലാത്ത ആരോഗ്യ വിവരങ്ങളോ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോ, മാനദണ്ഡങ്ങളോ, തെറ്റായ വിവരങ്ങളോ, മാറ്റങ്ങൾ വരുത്തിയ വിവരങ്ങളോ സമൂഹ മാധ്യമങ്ങളിലോ, മറ്റേതെങ്കിലും മാധ്യമങ്ങളിലൂടെയോ പങ്കുവെക്കുന്നതും, മറ്റൊരാൾ പങ്ക്‌വെച്ചത് വീണ്ടും പകർത്തുന്നതും, പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റകരമാണ്. ആരോഗ്യ മന്ത്രാലയവും, മറ്റ് ഏജൻസികളും പങ്കുവെക്കുന്ന വിവരങ്ങളെ നിഷേധിക്കുന്നതോ, എതിർക്കുന്നതോ ആയ സന്ദേശങ്ങളും ഇതേ കാരണങ്ങളാൽ കുറ്റകരമായി കണക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുവർക്കെതിരെ 20000 ദിർഹം പിഴചുമത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.