കേരളത്തിൽ ശനിയാഴ്ച 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Kerala News

സംസ്ഥാനത്ത് ശനിയാഴ്ച 4 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള മൂന്നു പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ മൂന്നു പേർ ദുബായിൽ നിന്നും വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ടു പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായിൽ നിന്നും വന്നത്. കണ്ണൂർ ജില്ലയിലുള്ള ഒരാൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രണ്ടു പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. കാസർഗോഡ് ജില്ലയിലെ രണ്ടു പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 66,686 പേർ വീടുകളിലും 504 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.