ദുബായ് എയർപോർട്ടിൽ നിന്ന് ജൂൺ 23 മുതൽ വിദേശയാത്രകൾക്ക് അനുമതി; ജൂലൈ 7 മുതൽ സന്ദർശകർക്ക് അനുമതി

GCC News

കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് ആശ്വാസമാകുന്ന ഏതാനം സുപ്രധാന തീരുമാനങ്ങൾ ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു. ഇത് പ്രകാരം ദുബായിൽ നിന്ന് അനുവദിച്ചിട്ടുള്ള സാധുതയുള്ള റെസിഡൻസി വിസ ഉള്ള വിദേശികൾക്ക് ജൂൺ 22, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലേക്ക് തിരികെ പ്രവേശിക്കാം. ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും വിദേശ രാജ്യങ്ങളിലേക്ക്, ദുബായ് എയർപോർട്ടിൽ നിന്ന്, യാത്ര ചെയ്യുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.

ജൂലൈ 7 മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക, ടൂറിസ്റ്റ് വിസകളിൽ ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് തീരുമാനങ്ങളും നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി നൽകിയിട്ടുണ്ട്. ഇതോടൊപ്പം ദുബായ് എയർപോർട്ടിലേക്കും, തിരികെയുമുള്ള യാത്രകൾക്കുള്ള പെരുമാറ്റച്ചട്ടങ്ങളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായിലേക്ക് തിരികെയെത്തുന്ന റെസിഡൻസി വിസക്കാർക്കുള്ള നിബന്ധനകൾ:

  • ദുബായിൽ നിന്ന് അനുവദിച്ചിട്ടുള്ള സാധുതയുള്ള റെസിഡൻസി വിസ ഉള്ള വിദേശികൾക്ക്, ജനറൽ ഡിറക്ടറേറ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ (GDRFA Dubai) അനുവാദം ലഭിക്കുന്ന പക്ഷം ദുബായിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
  • ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ, യാത്ര ആരംഭിക്കുന്നതിനു മുൻപ്, തങ്ങൾക്ക് COVID-19 രോഗലക്ഷണങ്ങൾ ഇല്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു ആരോഗ്യ സംബന്ധമായ സത്യവാങ്‌മൂലം പൂരിപ്പിക്കേണ്ടതാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് എയർലൈനുകൾ യാത്രാനുമതി നൽകുന്നതല്ല.
  • ദുബായ് എയർപോർട്ടിൽ എത്തിയ ശേഷം എല്ലാ റെസിഡന്റ് വിസയിൽ വരുന്നവരും PCR ടെസ്റ്റിംഗ് നടത്തേണ്ടതാണ്.
  • ഇത്തരം യാത്രികർ ടെർമിനലിൽ നിന്ന് പുറത്ത് പോകുന്നതിനു മുൻപ് തന്നെ സ്മാർട്ഫോണുകളിൽ ‘DHA COVID-19 DXB’ സ്മാർട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • PCR ടെസ്റ്റിന്റെ ഫലം ലഭിക്കുന്നത് വരെ ഇവർ കർശനമായും വീടുകളിൽ തുടരേണ്ടതാണ്.
  • COVID-19 രോഗബാധിതനാണെന്ന് ടെസ്റ്റിംഗിൽ തെളിയുകയാണെങ്കിൽ 14 ദിവസം വീടുകളിൽ ഐസൊലേഷനിൽ തുടരണം. വീടുകളിൽ ഇതിനു സൗകര്യമില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ ഇതിനു സൗകര്യം നൽകുന്നതാണ്. എന്നാൽ ഇതിനു വരുന്ന ചെലവുകൾ യാത്രികനോ, അവരുടെ സ്ഥാപനങ്ങളോ വഹിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയുന്ന പൗരന്മാർക്കും നിവാസികൾക്കുമുള്ള നിബന്ധനകൾ:

  • നിലവിൽ ദുബായിൽ നിന്ന് എല്ലാ വിദേശ ഇടങ്ങളിലേക്കും യാത്രകൾ അനുവദിക്കുന്നതാണ്.
  • യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ നിർദ്ദേശങ്ങൾ കർശനമായും യാത്രികർ പാലിക്കണം.
  • ഇവർക്കും COVID-19 രോഗലക്ഷണങ്ങൾ ഇല്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു ആരോഗ്യ സംബന്ധമായ സത്യവാങ്‌മൂലം നിർബന്ധമാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് എയർലൈനുകൾ യാത്രാനുമതി നൽകുന്നതല്ല.
  • ദുബായിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ ഇവർക്കും PCR ടെസ്റ്റിംഗ് നിർബന്ധമാണ്.
  • ഇവരും ‘DHA COVID-19 DXB’ സ്മാർട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • PCR ടെസ്റ്റിന്റെ ഫലം ലഭിക്കുന്നത് വരെ ഇവർ കർശനമായും വീടുകളിൽ തുടരേണ്ടതാണ്.
  • COVID-19 രോഗബാധിതനാണെന്ന് ടെസ്റ്റിംഗിൽ തെളിയുകയാണെങ്കിൽ 14 ദിവസം വീടുകളിൽ ഐസൊലേഷനിൽ തുടരണം.

സന്ദർശകർക്കുള്ള നിബന്ധനകൾ:

  • സന്ദർശകർ യാത്ര ആരംഭിക്കുന്നതിനു മുൻപ് DHA COVID-19 DXB’ സ്മാർട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ആരോഗ്യ സംബന്ധമായ സത്യവാങ്‌മൂലം നിർബന്ധമാണ്.
  • ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് എയർലൈനുകൾ യാത്രാനുമതി നൽകുന്നതല്ല.
  • സന്ദർശകർ, യാത്രചെയ്യുന്നതിനു 96 മണിക്കൂർ മുൻപെങ്കിലും ലഭിച്ച PCR ടെസ്റ്റ് റിസൾട്ട് കൈവശം കരുതേണ്ടതാണ്. ഇത് ഇല്ലാത്തവർക്ക്, എയർപോർട്ടിൽ നിന്ന് PCR ടെസ്റ്റിംഗ് നിർബന്ധമാണ്.
  • യാത്രികരെ തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കുന്നതും, ശരീരോഷ്മാവ് പരിശോധിക്കുന്നതുമാണ്.
  • COVID-19 രോഗബാധിതനാണെന്ന് ടെസ്റ്റിംഗിൽ തെളിയുകയാണെങ്കിൽ ഇത്തരം സന്ദർശകർ 14 ദിവസം പ്രത്യേക കേന്ദ്രങ്ങളിൽ ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇതിനു വരുന്ന ചെലവുകൾ യാത്രികർ വഹിക്കേണ്ടതാണ്.

എല്ലാ യാത്രികർക്കും മാസ്കുകൾ, സമൂഹ അകലം എന്നിവ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രകളിൽ തടസങ്ങൾ നേരിടാതിരിക്കാനും, സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയും എല്ലാ യാത്രികരും ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.