രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സ്മാർട്ട് കാമറ സംവിധാനത്തിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സാധിക്കുന്നതാണ്. ഇതിന് പുറമെ സീറ്റ്ബെൽറ്റ് ധരിക്കുന്നതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.
ഒമാനിലെ റോഡുകളിൽ നടക്കുന്ന അപകടങ്ങളിൽ ഒരു വലിയ ശതമാനം അപകടങ്ങളും ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കുന്നതും കൊണ്ടാണെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ ഇത്തരം നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തി തടയുന്നതിനും, അതിലൂടെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ROP ലക്ഷ്യമിടുന്നത്.

