ഒമാനിലെ കൂടുതൽ വാണിജ്യ മേഖലകളിൽ, COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 10, ബുധനാഴ്ച്ച മുതൽ രാജ്യത്തുടനീളം കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
ഒമാനിൽ, ഏതാണ്ട് 3 മാസത്തോളമായി അടഞ്ഞ് കിടക്കുന്ന വസ്ത്രവ്യാപാരം, ചെരിപ്പ് കടകൾ, ഗൃഹോപകരണങ്ങള്‍, സ്വർണ്ണാഭരണശാലകൾ, തുടങ്ങിയ 48 മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഈ തീരുമാനത്തിലൂടെ വീണ്ടും തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകും. എന്നാൽ മത്ര വിലായത്ത്, വാദി അൽ കബീർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ ഈ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു ഈ ഘട്ടത്തിൽ അനുമതി നൽകിയിട്ടില്ലെന്ന് മസ്‌കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും ഈ ഇളവുകൾ ബാധകമല്ല.
ഇളവുകളുടെ ഭാഗമായി തുറന്ന് പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ സമൂഹ അകലം കർശനമായി ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ തമ്മിൽ 2 മീറ്ററെങ്കിലും അകലം എല്ലാ സമയങ്ങളിലും പാലിച്ച് കൊണ്ട് മാത്രമേ വാണിജ്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും നടപ്പിലാക്കാനും, സുരക്ഷാ നിർദ്ദേശങ്ങളിൽ വിട്ടുവീഴ്ചകളില്ലാത്ത പ്രവർത്തന ശൈലി തങ്ങളുടെ സ്ഥാപനങ്ങളിൽ ഉറപ്പാക്കാനും അധികൃതർ വാണിജ്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിൽ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.