COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 13, തിങ്കളാഴ്ച്ചയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രണ്ട് ഒമാൻ പൗരന്മാരിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ ശീലങ്ങൾ കർശനമായി തുടരാൻ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ആൾത്തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗം സ്വീകരിക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
മേഖലയിൽ യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.