രാജ്യത്തുടനീളം 2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് ഏതാനം പ്രവർത്തനങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി മെയ് 2-ന് പ്രഖ്യാപിച്ചിരുന്നു.
ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച് മെയ് 5-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകിയത്. റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മെയ് 8 മുതൽ മെയ് 15 വരെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങൾ:
- പഴം, പച്ചക്കറി, മത്സ്യം എന്നിവ വിൽക്കുന്ന സെൻട്രൽ മാർക്കറ്റുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
- ഹൈപ്പർമാർക്കറ്റുകൾക്ക് പരമാവധി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
- സെൻട്രൽ അറവ്ശാലകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
- ഇന്ധനവിതരണശാലകൾ, ഇന്ധനവിതരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ടയർ കടകൾ, വാഹനങ്ങളുടെ അറ്റകുറ്റപണികൾ ചെയ്യുന്ന സ്ഥാപനങ്ങൾ, എക്സ്പ്രസ്സ് ഷോപ്പിംഗ് സ്റ്റോറുകൾ എന്നിവയ്ക്ക് ഒരേ സമയം പരമാവധി 3 ഉപഭോക്താക്കൾ എന്ന രീതിയിൽ പ്രവർത്തിക്കാം.
- മത്സ്യബന്ധന യാനങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപണികൾ ചെയ്യുന്ന സ്ഥാപനങ്ങൾ, മത്സബന്ധനവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
- ആരോഗ്യ കേന്ദ്രങ്ങൾ, മൃഗചികിത്സാ കേന്ദ്രങ്ങൾ, ഫാർമസികൾ, കണ്ണട വ്യാപാരം എന്നിവയ്ക്ക് പ്രവർത്തിക്കാം.
- ഭക്ഷണസാധനങ്ങൾ വിൽക്കുന്ന വ്യാപാരശാലകൾ, ഗ്രോസറി, ബേക്കറി, ഐസ്ക്രീം ഷോപ്പ്, ജ്യൂസ് ഷോപ്പ്, മാംസവ്യാപാരശാലകൾ, ഈന്തപ്പഴ കച്ചവട സ്ഥാപനങ്ങൾ, ജലവിതരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ഇതിന് പുറമെ താഴെ പറയുന്ന വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപഭോക്താക്കളെ നേരിട്ട് സ്വീകരിക്കാതെ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്:
- കൺസ്ട്രക്ഷൻ, കോൺട്രാക്ടിങ്ങ് കമ്പനികൾ.
- ട്രാൻസ്‌പോർട്ടേഷൻ, സ്റ്റോറേജ് സ്ഥാപനങ്ങൾ.
- ഇൻഷുറൻസ് കമ്പനികൾ.
- കൺസൾട്ടൻസികൾ.
- നിയമ സേവനങ്ങൾ സ്ഥാപനങ്ങൾ
- ഓഡിറ്റിംഗ്, അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ.
- തര്‍ജ്ജമ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ.
- സനദ് സേവനകേന്ദ്രങ്ങൾ.
- ഷിപ്പിംഗ്, കസ്റ്റംസ് ക്ലിയറൻസ് ഓഫീസുകൾ.
- പോസ്റ്റൽ സേവനങ്ങൾ.