ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും; മൂന്ന് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

featured GCC News

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ജൂൺ 2-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ലെബനൻ, ഈജിപ്ത്, ഫിലിപ്പീൻസ്, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, സിയറ ലിയോൺ, എത്യോപ്യ, യു കെ എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.

ഇതിന് പുറമെ, 2021 ജൂൺ 5 വൈകീട്ട് 2 മണിമുതൽ മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കും ഒമാനിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തുന്നതാണ്.

സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും ജൂൺ 2-ലെ യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.