വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് മാർച്ച് 31 വരെ പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങാൻ അനുമതി

GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലയളവ് 2021 മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവാസി തൊഴിലാളികൾക്ക്, അവർ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്.

ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി നവംബർ 15 മുതൽ 2020, ഡിസംബർ 31 വരെയുള്ള കാലയളവാണ് നേരത്തെ ഒമാൻ തൊഴിൽ മന്ത്രാലയം അനുവദിച്ചിരുന്നത്. എന്നാൽ നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി, 2021 മാർച്ച് 31 വരെ തുടരാൻ തൊഴിൽ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ ലേബർ വെൽഫെയർ ഡയറക്ടർ ജനറൽ സലേം ബിൻ സയീദ് അൽ ബദിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നവംബർ 15 മുതൽ 2020, ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുന്നതിനായി 57847 പേർ റെജിസ്റ്റർ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 12378 പേർ ഇതുവരെ ഒമാനിൽ നിന്ന് മടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഇത്തരത്തിൽ പിഴകളും, നിയമനടപടികളും ഒഴിവാക്കി ഒമാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മാർച്ച് 31 വരെയുള്ള കാലയളവിൽ ഇതിനായുള്ള അവസരം ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ ഇവർ ഒമാനിൽ നിന്ന് നാട്ടിലേക്ക് എന്നേക്കുമായി മടങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് ഇത്തരം തൊഴിലാളികൾക്കും, അവരുടെ തൊഴിലുടമകൾക്കും വരുന്ന ഫീ, പിഴ തുകകൾ എന്നിവ ഒഴിവാക്കി നൽകുന്നതാണെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.