COVID-19 വൈറസിന്റെ പുതിയ വകഭേദം: സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുന്നതായി ഒമാൻ ആരോഗ്യവകുപ്പ്

GCC News

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് വരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി. ഡിസംബർ 21-ന് രാത്രി ഒമാൻ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.

COVID-19 വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇത് നിലവിലെ വൈറസിനേക്കാൾ മാരകശേഷിയുള്ളതാണെന്ന് തെളിയിക്കാൻ ആവശ്യമായ സൂചികകൾ നിലവിൽ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃത്യമായ മുൻകരുതൽ നടപടികൾ കൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, ശുചിത്വം മുതലായ നടപടികൾ COVID-19 വൈറസിനെതിരെയുള്ള പ്രധാന ആയുധങ്ങളാണെന്ന് അദ്ദേഹം സമൂഹത്തെ ഓർമ്മപ്പെടുത്തി.

നിലവിലെ സാഹചര്യങ്ങൾ വിശകലനം ചെയ്തു വരുന്നതായും, ആവശ്യമായ മുൻകരുതൽ നടപടികൾ കൃത്യമായി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാതിർത്തികൾ അടയ്ക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം നിലവിലെ സാഹചര്യങ്ങൾക്കനുസൃതമായ മുൻകരുതൽ നടപടി എന്ന രീതിയിലാണെന്നും, ഇതിന്റെ തുടർച്ചയായി ആവശ്യമായ നിരീക്ഷണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 22, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി ഡിസംബർ 21-ന് വൈകീട്ട് അറിയിച്ചിരുന്നു. COVID-19 വൈറസിന്റെ പുതിയ വകഭേദം പടരുന്നത് തടയുന്നതിനാണ് താത്കാലികമായി രാജ്യാതിർത്തി അടയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസിന്റെ ഈ വകഭേദം നിലവിൽ ഏതെല്ലാം രാജ്യങ്ങളിലേക്ക് പടർന്നു എന്ന് കണ്ടെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒമാൻ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചത്.

അതേ സമയം, രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കിയിട്ടുണ്ട്.