ഒമാൻ: COVID-19 വാക്സിനേഷൻ ആരംഭിച്ചു; ആരോഗ്യ വകുപ്പ് മന്ത്രി ആദ്യ കുത്തിവെപ്പ് സ്വീകരിച്ചു

GCC News

ഒമാനിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഡിസംബർ 27, ഞായറാഴ്ച്ച തുടക്കമായി. വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു.

ഒമാനിലെ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കുത്തിവെപ്പ് സ്വീകരിക്കുന്ന ആദ്യ പ്രവാസിയായി, ഫ്രോയ്‌ലൻ ക്രൂസ് ഡിയോലോസ എന്ന ഫിലിപ്പിനോ പൗരൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇദ്ദേഹം ആരോഗ്യ പ്രവർത്തകനാണ്.

മുൻഗണനാ ക്രമപ്രകാരം പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ രോഗബാധയേൽക്കാൻ ഏറ്റവും സാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ഇത്തരത്തിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്.

ആദ്യ ഘട്ടത്തിൽ ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിലാണ് കൊറോണ വൈറസ് വാക്സിനേഷൻ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു. 21 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഫൈസർ വാക്‌സിനിന്റെ 15600 ഡോസ് അടങ്ങിയ ആദ്യ ബാച്ച് ഡിസംബർ 24, വ്യാഴാഴ്ച്ച രാത്രി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. ഈ വാക്സിനിന്റെ രണ്ടാം ബാച്ച് 2021 ജനുവരി ആദ്യത്തിൽ ഒമാനിലെത്തുന്നതാണ്.

Photo: Oman MoH.