രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകി വരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള മൂന്ന് മാസമാക്കി കുറച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തോടെ COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നേടാവുന്നതാണ്.
ഈ തീരുമാനം 2021 ഡിസംബർ 21, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. COVID-19 വൈറസിന്റെ ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങൾ ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് എത്രയും വേഗം ഇത് നൽകുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി.
ആരോഗ്യപരമായ കാരണങ്ങൾ ഉൾപ്പടെ വിവിധ കാരണങ്ങളാൽ രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് കൊറോണ വൈറസിനെതിരായ സംരക്ഷണം നിലനിർത്തുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Cover Image Source: Oman News Agency.