ഒമാൻ നാഷണൽ ഡേ: റോഡിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് പിഴ ചുമത്തും

GCC News

ദേശീയ ദിനാഘോഷ വേളയിൽ റോഡിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 നവംബർ 15-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

ഇതിന് പുറമെ അശ്രദ്ധമായ ഡ്രൈവിംഗിനും പിഴ ചുമത്തുന്നതാണ്. പൊതുനിരത്തുകളിലോ അനുവദിക്കപ്പെട്ടതല്ലാത്ത സ്ഥലങ്ങളിലോ വാഹന ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് 500 റിയാൽ പിഴയും, മൂന്ന് മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നാഷണൽ ഡേ ആഘോഷങ്ങളിൽ ഉത്തരവാദിത്തത്തോടെ പങ്കെടുക്കാനും, സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കാതിരിക്കാനും പബ്ലിക് പ്രോസിക്യൂഷൻ വാഹനമോടിക്കുന്നവരോട് ആഹ്വനം ചെയ്തിട്ടുണ്ട്. പൊതുനിരത്തുകളിലോ ഇത്തരം പ്രവൃത്തികൾക്കായി അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിലോ വാഹന അഭ്യാസങ്ങൾ നടത്തുന്നത് ട്രാഫിക് നിയമത്തിലെ 49 (5) വകുപ്പ് പ്രകാരം കുറ്റകരമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അമിത വേഗതയിൽ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, കൂടാതെ ആളുകളുടെ ജീവന് ഭീഷണിയാകുന്നതോ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കുന്നതോ ആയ മറ്റ് അപകടകരമായ രീതികളിൽ വാഹനമോടിക്കുക തുടങ്ങിയ പ്രവർത്തികൾക്കെതിരെയും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രാഫിക് നിയമത്തിലെ അമ്പതാം വകുപ്പ് പ്രകാരം, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ അമിത വേഗതയിലോ അശ്രദ്ധമായോ വാഹനം ഓടിക്കുന്നതും, അപകടകരമായ രീതിയിൽ വാഹനങ്ങളെ മറികടക്കുന്നതും, ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങളിൽ വെച്ച് വാഹനങ്ങളെ മറികടക്കുന്നതും കുറ്റകരമാണെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് രണ്ട് മാസം വരെ തടവോ, 500 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.