ഫൈസർ COVID-19 വാക്സിൻ ആദ്യ ബാച്ച് ഒമാനിലെത്തി; വാക്സിനേഷൻ യത്നം ഡിസംബർ 27 മുതൽ ആരംഭിക്കും

GCC News

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ആദ്യ ബാച്ച് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 24, വ്യാഴാഴ്ച്ച രാത്രിയാണ് ആദ്യ ബാച്ച് വാക്സിൻ ഒമാനിലെത്തിയത്.

https://twitter.com/OmaniMOH/status/1342181817747709954

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ 15600 ഡോസ് അടങ്ങിയ ആദ്യ ബാച്ച് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. ഈ വാക്സിൻ ഉപയോഗിച്ച് കൊണ്ടുള്ള കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഫൈസർ COVID-19 വാക്സിനിന്റെ 28000 ഡോസ് അടങ്ങിയ രണ്ടാം ബാച്ച് ജനുവരി ആദ്യത്തിൽ ഒമാനിലെത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡിസംബർ 27-ന് ആരംഭിക്കുന്ന വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ആദ്യ കുത്തിവെപ്പ് സ്വീകരിക്കുന്നതാണ്. വാക്സിനേഷൻ നടപടികളിൽ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനായാണ് അദ്ദേഹം ആദ്യ കുത്തിവെപ്പ് സ്വീകരിക്കുന്നത്.

മുൻഗണനാ ക്രമപ്രകാരം പ്രായമായവർ, പ്രമേഹം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. 21 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ ഏതാണ്ട് 60 ശതമാനത്തോളം പേർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.