രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യകേന്ദ്രങ്ങൾ, വ്യാപാരശാലകൾ, റെസ്റ്ററന്റ്, കഫെ എന്നിവയുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാനിലെ COVID-19 മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
2022 ജനുവരി 21-ന് രാത്രിയാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച പുതിയ മുൻകരുതൽ മാനദണ്ഡങ്ങളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒമാനിൽ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഭക്ഷണശാലകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാനും, ഇത്തരം ഇടങ്ങളിലെ പ്രതിരോധ നടപടികൾ കർശനമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
റെസ്റ്ററന്റുകൾ, കഫെ, വാണിജ്യശാലകൾ, വ്യാപാരശാലകൾ, ഹാളുകൾ എന്നിവിടങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കേണ്ടതും, മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതുമാണെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.
ഇതിന് പുറമെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാനും, പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ താത്‌കാലികമായി ഒഴിവാക്കുന്നതിനും ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.