ഒമാൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനം

GCC News

രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ഡിസംബർ 12-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ പുതിയ തീരുമാനപ്രകാരമുള്ള വാക്സിനേഷൻ നടപടികൾ, മുൻഗണനാ വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി. ആഗോള തലത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റി ഈ പുതിയ തീരുമാനം അറിയിച്ചത്.

ഇതിന് പുറമെ താഴെ പറയുന്ന തീരുമാനങ്ങളും ഒമാൻ സുപ്രീം കമ്മിറ്റി ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്:

  • രാജ്യത്തെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ഇതുവരെ വാക്സിനെടുക്കാത്ത ജീവനക്കാർക്കെതിരെയും, വിദ്യാർത്ഥികൾക്കെതിരെയും നടപടികൾ കൈക്കൊള്ളുന്നതിനായി ഒരു ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
  • രാജ്യത്തെ പള്ളികൾ, പൊതു ചടങ്ങുകൾ, വിവാഹ ഹാളുകളിൽ നടക്കുന്ന പരിപാടികൾ, മറ്റു വാണിജ്യ, സാംസ്‌കാരിക പരിപാടികൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, കായിക മത്സരങ്ങൾ മുതലായവയിൽ അവ നടക്കുന്ന വേദികളുടെ അമ്പത് ശതമാനം ശേഷിയിൽ മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്ന് കമ്മിറ്റി പ്രത്യേകം ചൂണ്ടിക്കാട്ടി.
  • മേൽപ്പറഞ്ഞ ചടങ്ങുകളിൽ 18 വയസിന് മുകളിൽ പ്രായമുള്ള, ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ശരിയായ രീതിയിലുള്ള മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവ കർശനമായി പാലിക്കേണ്ടതാണ്.