ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കേർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ തീരുമാനം

featured GCC News

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കേർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ 2021 സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി ഓഗസ്റ്റ് 23-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് ഈ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഒമാൻ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്ന എല്ലാ റെഡ് ലിസ്റ്റ് രാജ്യങ്ങളെയും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒമാനിലേക്ക് യാത്ര ചെയ്യാവുന്നതാണ്.

2021 സെപ്റ്റംബർ 1 മുതൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്:

  • ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക റദ്ദ് ചെയ്യാൻ തീരുമാനിച്ചു.
  • ഒമാൻ പൗരന്മാർ, ഒമാൻ റെസിഡൻസി വിസകളുള്ളവർ, ഒമാൻ അനുവദിച്ചിട്ടുള്ള മറ്റു സാധുതയുള്ള വിസകളുള്ളവർ, വിസ ഓൺ അറൈവൽ സേവനത്തിന് അർഹതയുള്ളവർ, ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് വിസ ആവശ്യമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്ക് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഒമാനിലേക്ക് പ്രവേശനം നൽകുന്നതാണ്.
  • ഈ തീരുമാനം 2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച ഒമാൻ സമയം 12:00pm മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

2021 സെപ്റ്റംബർ 1 മുതൽ ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • മുഴുവൻ യാത്രികരും ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണം.
  • രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് (ഒമാൻ അംഗീകരിച്ചിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ആണെങ്കിൽ അതിന്റെ ഒരു ഡോസ് കുത്തിവെപ്പ്) 14 ദിവസം പൂർത്തിയാക്കിയ യാത്രികർക്കാണ് പ്രവേശനാനുമതി.
  • ഇത്തരത്തിൽ ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ തെളിവായി യാത്രികർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • ആധികാരികത തെളിയിക്കുന്നതിനായി, ഇപ്രകാരം ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
  • യാത്രികർക്ക് ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപോ, ഒമാനിൽ എയർപോർട്ടിലെത്തിയ ശേഷമോ PCR ടെസ്റ്റ് നടത്താവുന്നതാണ്.
  • ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, യാത്ര തിരിക്കുന്ന രാജ്യത്ത് നിന്നെടുത്ത COVID-19 PCR നെഗറ്റീവ് റിസൾട്ടുമായെത്തുന്നവർക്ക് ഒമാനിലെത്തിയ ശേഷമുള്ള ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. ഒമാനിലേക്കുള്ള വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിലധികം വേണ്ടി വരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിൽ താഴെ മാത്രം വേണ്ടിവരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • COVID-19 PCR നെഗറ്റീവ് റിസൾട്ട് ഇല്ലാതെ ഒമാനിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നടത്തുന്നതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ നിർബന്ധിത ക്വാറന്റീനിൽ തുടരേണ്ടതാണ്. ഈ കാലയളവിൽ ഇവർ കൈകളിൽ ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്ക് 10 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണ്.
  • ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്നതിന് മുൻപ് Tarassud+ സംവിധാനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിന് ശേഷം യാത്രികർ തങ്ങളുടെ വാകിസിനേഷൻ സർട്ടിഫിക്കറ്റ്, PCR റിസൾട്ട് എന്നിവ ഈ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒമാനിലെത്തിയ ശേഷം PCR ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നവർ ഇതിനുള്ള ഫീ Tarassud+ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ നൽകേണ്ടതാണ്.
  • 18 വയസിന് താഴെ പ്രായമുള്ള യാത്രികർക്ക് വാക്സിനേഷൻ നിബന്ധനകൾ, PCR പരിശോധന എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർ ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.